കോഴിക്കോട്: പേരാമ്പ്രയിൽ തനിക്കുൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജ് സിപിഎമ്മിന്റെ ആസൂത്രിത ഗൂഢാലോചന യുടെ ഭാഗമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിൽ ആരോപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങൾ പൊതുശ്രദ്ധയിൽ നിന്ന് മറച്ചുവെക്കാനാണ് പ്രകോപനമില്ലാത്ത സംഘർഷം പോലീസ് സൃഷ്ടിച്ചതെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിൽ മാത്രമല്ല ഗൂഢാലോചന അവസാനിക്കുന്നതെന്നും, കള്ളന്മാർ സർക്കാരിലുമുണ്ട് എന്നും ഷാഫി പറമ്പിൽ ആരോപിച്ചു. അയ്യപ്പന്റെ സ്വർണം ഉരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സംസ്ഥാന സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഈ കൊള്ള മറച്ചുവെക്കാനാണ് പേരാമ്പ്രയിൽ കോൺഗ്രസ് ബോംബെറിഞ്ഞെന്ന കള്ളക്കഥ മെനയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പേരാമ്പ്രയിൽ തന്നെ ലാത്തികൊണ്ട് മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐയായ അഭിലാഷ് ഡേവിഡാണ് എന്ന് ഷാഫി പറമ്പിൽ വീഡിയോ ദൃശ്യങ്ങൾ സഹിതം വെളിപ്പെടുത്തി. തലയിലും മൂക്കിലും അടിച്ച ശേഷം ഉദ്യോഗസ്ഥൻ വീണ്ടും ലാത്തി ഓങ്ങുന്നത് ദൃശ്യങ്ങളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാബന്ധത്തിന്റെ പേരിൽ 2023 ജനുവരിയിൽ സസ്‌പെൻഷനിലായ ശേഷം തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം ഓഫീസിലെ നിത്യസന്ദർശകനായിരുന്ന അഭിലാഷ് ഡേവിഡ് സിപിഐഎം ഗുണ്ടയാണെന്നും എംപി ആരോപിച്ചു. ഡിവൈഎസ്പി ഹരിപ്രസാദ് കയ്യിൽ ഗ്രനേഡ് കരുതിയതിലെ ദുരൂഹതയും അദ്ദേഹം ചോദ്യം ചെയ്തു.
സംഘർഷം ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും, എന്നാൽ പോലീസിലെ ചിലർ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് റൂറൽ എസ്.പി. വെളിപ്പെടുത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഷാഫി പറഞ്ഞു. പോലീസും സിപിഎമ്മും നടത്തിയ വ്യാജപ്രചാരണങ്ങളുടെ തെളിവുകൾ പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം പൊതുവേദിയിൽ എത്തിയ ശേഷമുള്ള ഷാഫി പറമ്പിലിന്റെ ആദ്യ വാർത്താസമ്മേളനമായിരുന്നു ഇത്. അതേസമയം, പോലീസിനെ ആക്രമിച്ച കേസിൽ ഷാഫി പറമ്പിലിനെതിരെയും നിരവധി യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.



