24.5 C
Saudi Arabia
Monday, February 23, 2026
spot_img

അറബ് റീഡിംഗ് ചലഞ്ച് 2025: കിരീടം ടുണീഷ്യൻ ഇരട്ട സഹോദരിമാർക്ക്. ശ്രദ്ധേയമായി മലപ്പുറം മഅ്ദിൻ വിദ്യാർത്ഥിയും.

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒമ്പതാം പതിപ്പിന്റെ കിരീടം ടുണീഷ്യയിൽ നിന്നുള്ള ഇരട്ട സഹോദരിമാരായ ബൈസാൻ, ബൈൽസാൻ കൗക്ക എന്നിവർ പങ്കിട്ടെടുത്തു. 12 വയസ്സുമാത്രം പ്രായമുള്ള ഇരുവരും 600-ൽ അധികം പുസ്തകങ്ങളാണ് വായിച്ചത്. 500,000 ദിർഹമാണ്(1.19 കോടി രൂപ) സമ്മാന തുക. 50 രാജ്യങ്ങളിൽ നിന്നായി 3.2 കോടിയിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ വർഷത്തെ മത്സരം റെക്കോർഡ് പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.

മികച്ച സ്കൂളിനുള്ള സമ്മാനം യുഎഇയിലെ അതിഖ് ബിൻത് സായിദ് സ്കൂളും ലബനാനിലെ ത്വറാബ്ലുസ് അൽ ഹദ്ദാദീൻ സ്കൂളും പങ്കിട്ടപ്പോൾ, ഈജിപ്തിൽ നിന്നുള്ള സഹർ മിസ്ബാഹ് മികച്ച മേൽനോട്ടക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ നിന്നുള്ള ജിഹാദ് മുഹമ്മദ് മുറാദ്  കമ്മ്യൂണിറ്റി ചാമ്പ്യൻ അവാർഡ് വിഭാഗത്തിൽ വിജയിയായി. ഇറാഖിൽ നിന്നുള്ള മരിയ ഹസ്സൻ ഒജൈൽ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

അറബ് റീഡിംഗ് ചലഞ്ചിന്റെ ഒമ്പതാം പതിപ്പിൽ (2025) ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തിമ ഘട്ടത്തിൽ പങ്കെടുത്ത മലയാളി വിദ്യാർത്ഥി മുഹമ്മദ് സാബിത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്ത്യയിൽ നിന്ന് മത്സരിച്ച പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ പിന്നിലാക്കിയാണ്, അറബി മാതൃഭാഷ അല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരിക്കുന്ന കമ്മ്യൂണിറ്റി ചാമ്പ്യൻ വിഭാഗത്തിൽ മത്സരിക്കാൻ മുഹമ്മദ് സാബിത്ത് യോഗ്യത നേടിയത്. മലപ്പുറം വാണിയമ്പലം സ്വദേശിയായ മുഹമ്മദ് സാബിത്ത്, മഅ്ദിൻ മോഡൽ അക്കാദമിയിലെ വിദ്യാർത്ഥിയാണ്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നോർത്ത് ചാപ്റ്റർ അഡ്‌മിൻ സെക്രട്ടറി ശറഫുദ്ധീൻ വാണിയമ്പലത്തിന്റെ മകനാണ്.

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കിടയിൽ വായനാ ശീലം വളർത്തുകയും അറബി ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതോടൊപ്പം സഹിഷ്ണുതയും തുറന്ന മനസ്സും പ്രോത്സാഹിപ്പിക്കുക എന്നത് കൂടിയാണ് പ്രധാന ലക്ഷ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സാക്ഷരതാ സംരംഭങ്ങളിൽ ഒന്നായ അറബ് റീഡിംഗ് ചലഞ്ചിന്റെ പ്രവേശനം എളുപ്പമല്ല. കടുത്ത ഘട്ടങ്ങളിലൂടെ കടന്ന് പോയിവേണം പ്രവേശനം നേടാൻ.

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 50 അറബി പുസ്തകങ്ങൾ വായിച്ച്, ഓരോ പുസ്തകത്തിന്റെയും സംഗ്രഹം തയ്യാറാക്കണം എന്നതാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർക്കുള്ള പ്രധാന വെല്ലുവിളി. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്കൂളുകൾ വഴിയും മേൽനോട്ടക്കാരുമായും ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി. മത്സരം പ്രധാനമായും അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ 10 പുസ്തകങ്ങൾ വീതം വായിക്കണം. വായന രേഖപ്പെടുത്താനായി അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള ചലഞ്ച് പാസ്‌പോർട്ടുകൾ ലഭിക്കും. ഓരോ പാസ്‌പോർട്ടും 10 വീതം പുസ്തകങ്ങളുടെ സംഗ്രഹത്തിനായി നീക്കിവച്ചിരിക്കുന്നു. ഓരോ സംഗ്രഹത്തിലും പുസ്തകത്തിന്റെ പേര്, എഴുത്തുകാരൻ, പേജുകളുടെ എണ്ണം തുടങ്ങിയ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

വായനയുടെയും സംഗ്രഹത്തിന്റെയും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾ വിവിധ തലങ്ങളിലുള്ള യോഗ്യതാ റൗണ്ടുകളിലേക്ക് കടക്കുന്നു. സ്കൂൾ തലം മുതൽ തുടങ്ങി, വിദ്യാഭ്യാസ ജില്ലാ തലം, ദേശീയ തലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകണം. ദേശീയ തലത്തിൽ ഓരോ രാജ്യത്തെയും ഒന്നാം സ്ഥാനക്കാരെ കണ്ടെത്തിയ ശേഷം, അവർ ദുബായിൽ നടക്കുന്ന അന്തിമ റൗണ്ടിൽ പങ്കെടുക്കുന്നു. ഇവിടെ വെച്ചാണ് പ്രത്യേക ജൂറി, വിദ്യാർത്ഥികളെ വാചാ പരീക്ഷയിലൂടെ വിലയിരുത്തുന്നത്. അറബി ഭാഷയിലെ ആശയവിനിമയ ശേഷി, വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ്, വിമർശനാത്മക ചിന്താശേഷി, വിശകലന കഴിവ് എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.

Related Articles

- Advertisement -spot_img

Latest Articles