ബംഗളുരു: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയായ കർണാടകയിലെ ബെല്ലാരിയിലെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം കൈമാറിയ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധൻ്റെ ഉടമസ്ഥതയിലുള്ള ‘റൊദ്ദം ജ്വല്ലറി’ പൂട്ടിയ നിലയിലായിരുന്നു. ശബരിമല സ്വർണ്ണക്കവർച്ച കേസ് തന്നിലേക്ക് നീളുമെന്ന് മനസ്സിലാക്കിയ ഗോവർദ്ധൻ ദിവസങ്ങൾക്ക് മുമ്പാണ് ജ്വല്ലറി പൂട്ടിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണ്ണം തനിക്ക് കൈമാറിയെന്ന് ഗോവർദ്ധൻ മൊഴി നൽകിയിരുന്നു.
ഇതിനുപുറമെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ 176 ഗ്രാം സ്വർണ്ണാഭരണങ്ങളും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു. കേരളത്തിലും ബംഗളൂരുവിലുമായി നടത്തിയ നിരവധി ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്.
ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായാണ് അന്വേഷണ സംഘം ചെന്നൈയിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്വർണ്ണക്കൊള്ളയിലൂടെ ആരെല്ലാം സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തെളിവെടുപ്പിൽ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്.



