19.3 C
Saudi Arabia
Monday, February 23, 2026
spot_img

അടിമാലിയിലെ മണ്ണിടിച്ചിൽ; വീട് തകർന്ന് ദമ്പതിമാരിൽ ഭർത്താവ് മരിച്ചു

ഇടുക്കി: അടിമാലിയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപം ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. നെടുമ്പള്ളിക്കുടി ബിജു (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യയെ (42) രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

രാത്രി 10.30-ഓടെയാണ് പ്രദേശത്ത് വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിള്ളലുണ്ടായിരുന്ന ഭാഗം ഇടിഞ്ഞ് ആറോളം വീടുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിൽ രണ്ട് വീടുകൾ പൂർണ്ണമായി തകർന്നു.

അഞ്ചു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മണ്ണിനടിയിൽപ്പെട്ട ബിജുവിനെയും സന്ധ്യയെയും പുറത്തെത്തിക്കാൻ സാധിച്ചത്. ആദ്യം പുറത്തെടുത്ത സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആറ് മണിക്കൂറോളം കഴിഞ്ഞാണ് ഭർത്താവ് ബിജുവിനെ പുറത്തെത്തിക്കാനായത്. പുറത്തെടുക്കുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിന്റെ മരണം സ്ഥിരീകരിച്ചു.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തെ 25 ഓളം കുടുംബങ്ങളെ നേരത്തെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന ബിജുവും ഭാര്യ സന്ധ്യയും പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. തിരച്ചിലിന് പൊലീസും ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles