21.6 C
Saudi Arabia
Monday, February 23, 2026
spot_img

സൗദിയിലെ ഇന്ത്യക്കാർക്ക് ഇ-പാസ്‌പോർട്ട് വിതരണം തുടങ്ങി; യാത്ര കൂടുതൽ വേഗത്തിലാകും

ജിദ്ദ: സൗദി അറേബ്യയിലെ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമായ ഇ-പാസ്‌പോർട്ട് സേവനം ആരംഭിച്ചു. ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0 (GPSP V2.0) വഴി ഒക്ടോബർ 24 മുതൽ റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്‌തു തുടങ്ങി. ജിദ്ദയിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും റിയാദിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമാണ് ഔദ്യോഗിക വിതരണോദ്ഘാടനം നിർവഹിച്ചത്.

ചിപ്പ് ഘടിപ്പിച്ച പുറംചട്ടയോടെയുള്ള 36 പേജുകളുള്ള ഈ പാസ്‌പോർട്ടുകളിൽ അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങൾ അടങ്ങിയ മൈക്രോചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പാസ്‌പോർട്ടുകൾക്ക് 10 വർഷമാണ് കാലാവധി. ഇത് ശക്തമായ ഐഡന്റിറ്റി വെരിഫിക്കേഷനും ഡാറ്റാ മോഷണം പോലുള്ള സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാനും സഹായിക്കും. വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് ഗേറ്റുകൾ വഴി എമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഇ-പാസ്‌പോർട്ടുകൾ സഹായകമാകും.

നിലവിൽ കാലാവധിയുള്ള പഴയ പതിപ്പ് പാസ്‌പോർട്ടുകൾ അതിൻ്റെ കാലാവധി തീരുന്നതുവരെ സാധുവായിരിക്കും. പുതിയ പാസ്‌പോർട്ടിനോ നിലവിലുള്ളത് പുതുക്കാനോ അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ ഇ-പാസ്‌പോർട്ടാണ് ലഭിക്കുക. അപേക്ഷാ ഫീസിലോ മറ്റ് നടപടികളിലോ മാറ്റമില്ല. അപേക്ഷിക്കുമ്പോൾ ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ICAO) ഫോട്ടോ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണം. നിലവിൽ ലോകത്തിലെ 150-ൽ അധികം രാജ്യങ്ങളിൽ ഇ-പാസ്‌പോർട്ട് സംവിധാനം നിലവിലുണ്ട്

Related Articles

- Advertisement -spot_img

Latest Articles