കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിനിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കോഴിക്കോട് പുതിയങ്ങാടി വെസ്റ്റ് ഹിൽ സ്വദേശിയായ അമ്പാടി വീട്ടിൽ മഹി (20) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
വെസ്റ്റ് ഹിൽ സ്വദേശിനിയായ 16 വയസ്സുള്ള വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. 2024 ഡിസംബർ മാസം മുതൽ പല തവണയായി പ്രതി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു അന്വേഷണം നടത്തിവരികയായിരുന്നു.
വെള്ളയിൽ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.



