തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ 400 രൂപയുടെ വർധനവാണ് പെൻഷൻ തുകയിൽ വരുന്നത്.
ഇതുകൂടാതെ, സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീസുരക്ഷക്ക് സഹായം നൽകുന്ന പുതിയ പദ്ധതി പ്രകാരം അർഹരായ 33 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം ലഭിക്കും.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:
ആശാ വർക്കർമാർക്ക്: പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ച് നൽകും. ഇതുവരെയുള്ള കുടിശ്ശികയും നൽകാൻ തീരുമാനിച്ചു.
സാക്ഷരതാ പ്രേരക് മാർക്ക് : പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ച് കുടിശ്ശിക നൽകും.
പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും: പ്രതിമാസ വേതനം 1000 രൂപ വർദ്ധിപ്പിച്ചു.
ഗസ്റ്റ് ലക്ചറർമാർക്ക്: പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വർദ്ധിപ്പിക്കും.
വിദ്യാർഥികൾക്ക്: പ്രതിവർഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
റബർ കർഷകർക്ക്: റബറിന്റെ താങ്ങുവില കിലോക്ക് 180 രൂപയിൽ നിന്ന് 200 രൂപയായി നവംബർ 1 മുതൽ വർദ്ധിപ്പിക്കും.
നെല്ല് സംഭരണം: നെല്ലിന്റെ സംഭരണ വില 28.20 രൂപയിൽ നിന്ന് 30 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
സർക്കാർ ജീവനക്കാർക്ക്: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള ഒരു ഗഡു ക്ഷാമബത്ത (ഡി.എ) കുടിശ്ശിക, 4% നവംബറിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



