ന്യൂഡൽഹി: ന്യൂഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനം ചാവേർ ആക്രമണമായിരുന്നില്ലെന്നും, പരിഭ്രാന്തിക്കിടയിൽ സംഭവിച്ച ആകസ്‌മികമായ സ്‌ഫോടനമാണ് ഇതെന്നുമാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. തിങ്കളാഴ്ച വൈകുന്നേരം മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
സ്‌ഫോടകവസ്‌തുക്കൾ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയോ അല്ലെങ്കിൽ പ്രതികളിലൊരാൾ പരിഭ്രാന്തനായപ്പോൾ സ്ഫോടനം സംഭവിക്കുകയോ ആവാം എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സ്ഫോടനത്തിൽ മരിച്ചവരുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കളുടെ ഭാഗങ്ങളോ ആണികളോ കണ്ടെത്താത്തത്, നിർമ്മാണത്തിലിരുന്ന ഐ.ഇ.ഡി പൂർത്തിയാക്കാത്തതോ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതോ ആകാം എന്ന നിഗമനത്തിലേക്ക് അധികൃതരെ എത്തിച്ചു. കാറോടിച്ചിരുന്ന ഡോ. ഉമർ നബി എന്ന കാശ്‌മീരി സ്വദേശിയാണ് മരണപ്പെട്ടവരിൽ ഒരാൾ. സംഭവത്തിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻ.ഐ.എക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



