തൃശൂർ: സമൂഹമാധ്യമങ്ങളിൽ പ്രശസ്തരായ ‘ഫിലോക്കാലിയ ഫൗണ്ടേഷൻ’ നടത്തിപ്പുകാരായ ഇൻഫ്ളുവൻസർ ദമ്പതികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഭാര്യയായ ജിജി മാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് മാരിയോ ജോസഫിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഒമ്പത് മാസമായി പിരിഞ്ഞു കഴിയുകയായിരുന്ന ദമ്പതികൾ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനായി ഒക്ടോബർ 25-ന് കണ്ടുമുട്ടിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ മാരിയോ തന്നെ മർദ്ദിച്ചെന്നാണ് ജിജി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം, മാരിയോ ഇടതുകയ്യിൽ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു. കൂടാതെ, 70,000 രൂപ വിലവരുന്ന ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മാരിയോ ജോസഫിനെതിരെ ബി.എൻ.എസ്. 126(2) വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ജിജി മാരിയോക്കെതിരെ മാരിയോ ജോസഫും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.



