20.7 C
Saudi Arabia
Wednesday, March 25, 2026
spot_img

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി: യുവാവിന് ഫിനാൻസ് ജീവനക്കാരൻറെ ക്രൂര മർദ്ദനം

പാലക്കാട്: ഐഫോൺ വാങ്ങുന്നതിനായി എടുത്ത ലോണിൻറെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിന് ക്രൂര മർദ്ദനം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്ത ലോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ബജാജ് ഫിനാൻസ് ജീവനക്കാരൻ അറസ്റ്റിൽ. മർദ്ദനമേറ്റ വാണിയംകുളം പനയൂർ സ്വദേശി ഷരീഫിൻ്റെ (28) തലയോട്ടിക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷരീഫ് നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തുടർച്ചയായി തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ അനൂപ് ഷരീഫിൻ്റെ വീട്ടിലെത്തി. ഇടപാടുകാരിയല്ലാത്ത ഷരീഫിൻ്റെ അമ്മയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. ഫോണിലൂടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഞായറാഴ്ച രാത്രി 11 മണിയോടെ വാണിയംകുളത്ത് വെച്ച് ഷരീഫും അനൂപും കണ്ടുമുട്ടി.

വാണിയംകുളത്ത് വെച്ചുണ്ടായ കയ്യാങ്കളിക്കിടെയാണ് അനൂപിൻ്റെ മർദ്ദനമേറ്റ് ഷരീഫിന് ഗുരുതരമായി പരിക്കേറ്റത്. മർദ്ദനത്തിൽ ബോധം നഷ്ടപ്പെട്ട ഷരീഫിനെ അനൂപ് തന്നെയാണ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നില വഷളായതിനെ തുടർന്ന് പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷരീഫിന്റെ പരാതിയെ തുടർന്ന് വാണിയംകുളം പോലീസ് അനൂപിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്‌തു.

 

Related Articles

- Advertisement -spot_img

Latest Articles