തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതൃത്വത്തോടുണ്ടായ കടുത്ത അതൃപ്തിയെ തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകൻ ജീവനൊടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്.
സ്ഥാനാർഥി പട്ടികയിൽ തന്നെ തഴഞ്ഞതിലുള്ള പ്രതിഷേധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആർ.എസ്.എസ്.-ബി.ജെ.പി. നേതാക്കൾക്കെതിരെ പരാമർശങ്ങളുള്ള ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. തൃക്കണ്ണാപുരം വാർഡിൽ ബി.ജെ.പി. നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആനന്ദ് തമ്പിയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



