പത്തനംതിട്ട: ശബരിമലയിൽ ദർശനം ലഭിക്കാതെ വന്നതോടെ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി അയ്യപ്പഭക്തർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തി മാല ഊരി നാട്ടിലേക്ക് തിരിച്ചു. വൃശ്ചിക മാസത്തിലെ ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടതിനെ ത്തുടർന്നാണ് ദർശനം പൂർത്തിയാക്കാതെ തീർത്ഥാടകർ മടങ്ങിയത്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂവിൽ നിന്നശേഷം പന്തളത്തേക്ക് മടങ്ങിയെത്തിയത്.
നിലവിലെ തിരക്ക് മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. സ്ഥിതിഗതികൾ ഭയാനകമാണെന്ന് അദ്ദേഹം വിലയിരുത്തി. പമ്പയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സന്നിധാനത്ത് ദർശന സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ നീട്ടിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെ സംവിധാനം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്നിലെ ബാരിക്കേഡുകൾ പോലും തീർഥാടകർ മറികടക്കുന്ന സ്ഥിതിയുണ്ടായി. നിലയ്ക്കലിൽ മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന ബാരിക്കേഡ് നിയന്ത്രണ സംവിധാനം ഇത്തവണ ഏർപ്പെടുത്താത്തതും, സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ച പോലീസുകാരുടെയും കേന്ദ്ര സേനകളുടെയും (എൻ.ഡി.ആർ.എഫ്., ആർ.എ.എഫ്.) എണ്ണത്തിലെ കുറവുമാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണം.



