ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടു; ഹൈക്കോടതി ഇടപെടണം”: വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മുന്നൊരുക്കങ്ങൾ നടത്തുന്നതിലും തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ നിലവിലെ സാഹചര്യം ഭയാനകമാണെന്ന് ദേവസ്വം പ്രസിഡന്റ് തന്നെ പ്രതികരിച്ച കാര്യവും സതീശൻ ശ്രദ്ധയിൽപ്പെടുത്തി.

തീർഥാടകർ 12-ഉം 13-ഉം മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്തേണ്ടി വരുന്ന അവസ്ഥയാണുള്ളത്. തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഒരുക്കാത്തതു കാരണം ദർശനം പൂർത്തിയാക്കിയവർക്ക് നടപ്പന്തൽ വിട്ട് പുറത്തേക്ക് പോകാൻ പോലും കഴിയുന്നില്ല. കൂടാതെ, ഭക്തർക്ക് കുടിവെള്ളം നൽകാനുള്ള സംവിധാനം പോലും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

മാസങ്ങൾക്ക് മുൻപേ തുടങ്ങേണ്ടിയിരുന്ന മുന്നൊരുക്കങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായെന്ന ദേവസ്വം മന്ത്രിയുടെ വാദം അപഹാസ്യമാണെന്നും സതീശൻ വിമർശിച്ചു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം സർക്കാരും ദേവസ്വം മന്ത്രിയും ഏറ്റെടുക്കണം. നിലവിലെ ഭയാനകമായ സാഹചര്യം കണക്കിലെടുത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടനം സുഗമമാക്കാനും ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles