ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്.ഐ.ആർ ) നടപടികൾക്കെതിരെ കോൺഗ്രസ് തെരുവിലിറങ്ങുന്നു. എസ്.ഐ.ആർ. വഴി രാജ്യത്തെ ജനാധിപത്യം തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൂഢപദ്ധതി നടപ്പാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ ഡിസംബർ ആദ്യവാരം ഡൽഹിയിലെ രാംലീലാ മൈതാനിയിൽ മഹാറാലി നടത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും എം.പി.യുമായ കെ.സി. വേണുഗോപാൽ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനാധിപത്യത്തെയും പ്രതിപക്ഷ പാർട്ടികളെയും തകർക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്നും, ചില വിഭാഗം വോട്ടർമാരെ ഉന്നമിട്ട് പട്ടികയിൽ നിന്ന് വെട്ടിമാറ്റുകയാണെന്നും യോഗം വിലയിരുത്തി.
എസ്.ഐ.ആറിനെതിരെ രാജ്യവ്യാപകമായി 50 ദശലക്ഷം പേരിൽ നിന്ന് ഒപ്പുശേഖരണം നടത്തിയ ശേഷമായിരിക്കും ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുക. എസ്.ഐ.ആർ. നടത്താൻ കേരളത്തിൽ ഇത് ഉചിതമായ സമയമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും വ്യക്തമാക്കിയിട്ടും കേന്ദ്ര കമ്മീഷൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.



