കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ ബൈജു കാളക്കണ്ടി യു.ഡി.എഫ്. സ്ഥാനാർഥി. നിലവിൽ പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ബൈജു. സെലിബ്രിറ്റി സ്ഥാനാർഥി സംവിധായകൻ വി.എം. വിനുവിന് മത്സരിക്കാൻ സാധിക്കാതെ വന്നതോടെ പകരക്കാരനായാണ് കോൺഗ്രസ് പ്രാദേശിക നേതാവ് രംഗത്ത് വന്നത്.
വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് വിനുവിൻ്റെ സ്ഥാനാർഥിത്വം സാധുതയില്ലാത്തതായിരുന്നു. പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിനു നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരേ നിയമമാണ് ബാധകമെന്ന് കോടതി വ്യക്തമാക്കി. വിനുവും നടൻ ജോയ് മാത്യുവും യു.ഡി.എഫിന്റെ താരപ്രചാരകരായി രംഗത്തുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.



