20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

വൈഷ്‌ണ സുരേഷിൻറെ വോട്ട് വെട്ടാൻ ആര്യയുടെ ഓഫീസ് ഇടപെട്ടു, തെളിവുകൾ പുറത്ത്.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. വൈഷ്‌ണക്കെതിരായ പരാതിയിൽ അന്വേഷണ ചുമതല ഇല്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ്, വൈഷ്‌ണ ഹാജരാക്കിയ രേഖകളിലെ വീടുകളിൽ നേരിട്ടെത്തി അവിടെ താമസിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തദ്ദേശ വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയ വൈഷ്‌ണയുടെ വീട്ടുനമ്പറിൽ ക്രമക്കേടുണ്ടെന്ന സി.പി.എം. ബ്രാഞ്ച് അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻ നടപടി. വോട്ടർ പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് വൈഷ്‌ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, സാങ്കേതികത്വത്തിന്റെ പേരിൽ ഒരു യുവതിക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് നിരീക്ഷിച്ചു. ഇതിനുപിന്നാലെ, വൈഷ്‌ണ സുരേഷിന് വോട്ട് ചെയ്യാനും മത്സരരംഗത്ത് തുടരാനും അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കുകയും, പേര് നീക്കം ചെയ്‌ത നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.

വൈഷ്‌ണയുടെ വോട്ട് വെട്ടിയതിന് പിന്നിൽ മേയർ ആര്യാ രാജേന്ദ്രനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആരോപിച്ചിരുന്നു. കൂടാതെ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ സി.പി.എം. ഗൂഢാലോചന നടത്തിയെന്നും, തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം. നേതാക്കൾക്ക് ഇതിൽ നേരിട്ട് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. കോർപ്പറേഷനിലെ ചില സി.പി.എം. ഉദ്യോഗസ്ഥരും ഈ ‘ക്രിമിനൽ പ്രവർത്തിയിൽ’ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

- Advertisement -spot_img

Latest Articles