ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി വീണ്ടും വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗ് എന്നാൽ ‘മുസ്‌ലിം കൂട്ടായ്മ’ എന്നാണെന്നും, ലീഗിന്റെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
താനും ലീഗും സാമുദായിക സംവരണത്തിനായി ഒരുമിച്ച് ഡൽഹിയിൽ ഉൾപ്പെടെ സമരം ചെയ്തിരുന്നു എന്നാൽ ലീഗ് അവരുടെ കാര്യം നേടിയ ശേഷം തന്നെ ഒഴിവാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സംവരണം നേടിത്തരാമെന്ന് പറഞ്ഞവർ പിന്നീട് ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല.
മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജുകൾ ഉണ്ടെന്നും, ലീഗ് സമുദായത്തിന് വേണ്ടി കരഞ്ഞതുകൊണ്ട് അവർക്ക് പ്രാധാന്യം കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് ഗവൺമെന്റ് സാമൂഹിക പെൻഷൻ വിതരണം ചെയ്തതിനെ വെള്ളാപ്പള്ളി അനുകൂലിക്കുകയും, തങ്ങളെ സഹായിക്കുന്നവരെ അനുകൂലിക്കുമെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.



