ചെന്നൈ : തമിഴ്നാട്ടിലെ തെങ്കാശിയിൽ ഇന്ന് രാവിലെ ഉണ്ടായ സ്വകാര്യ ബസ് കൂട്ടിയിടി അപകടത്തിൽ ആറ് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധുരയിൽ നിന്ന് സെൻകോട്ടയിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ബസും തെങ്കാശിയിൽ നിന്ന് കോവിൽപട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. മധുര-സെൻകോട്ട ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തു.



