ജിസാൻ: സൗദി അറേബ്യയിൽ 15 പേരടങ്ങുന്ന വലിയ മയക്കുമരുന്ന് കടത്ത് സംഘത്തെ സുരക്ഷാ അധികൃതർ പിടികൂടി. ഒരു സൗദി പൗരനും 14 യെമൻ, എത്യോപ്യൻ പൗരന്മാരും ഉൾപ്പെടുന്നതാണ് അറസ്റ്റിലായ സംഘം. തെക്കൻ ജിസാനിലെയും അസീറിലെയും അതിർത്തി പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
സംഘത്തിൽ ഉണ്ടായിരുന്ന എത്യോപ്യൻ, യെമൻ പൗരന്മാർ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരാണ്. ഇവരിൽ നിന്ന് 47 കിലോ ഹാഷിഷും 240 കിലോ ഖാത്തും പിടിച്ചെടുത്തു. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തിന് കൈമാറി.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.



