തിരുവനന്തപുരം: ആഡംബര കാർ വാങ്ങി നൽകുന്നതിനെച്ചൊല്ലിയുള്ള കുടുംബ വഴക്കിനിടെ അച്ഛൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൃത്വിക് (28) ആണ് മരിച്ചത്. ഇതോടെ, ഹൃത്വിക്കിൻ്റെ അച്ഛൻ വിനായനന്ദനെതിരെ (55) വധശ്രമത്തിന് പകരം കൊലപാതകമുൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തും.
ലക്ഷങ്ങൾ വിലയുള്ള ആഡംബര കാർ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക് വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയിരുന്നു. ഇയാൾക്ക് മുൻപ് ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ആഡംബര ബൈക്ക് വിനായനന്ദൻ വാങ്ങി നൽകിയിരുന്നു. എന്നാൽ, കാർ ഇപ്പോൾ വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്ന് അച്ഛൻ അറിയിച്ചതോടെ മകൻ പ്രകോപിതനായി.
കഴിഞ്ഞ മാസം ഒൻപതിനാണ് കേസിനാസ്‌പദമായ സംഭവം. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തുകയും മകൻ അച്ഛനെ ആക്രമിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ വിനായനന്ദൻ, സമീപത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് മകൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ വിനായനന്ദനെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൻ മരിച്ച സാഹചര്യത്തിൽ, പ്രതിക്കെതിരെ കൊലപാതക വകുപ്പുകൾ ചുമത്തി കേസ് മുന്നോട്ട് കൊണ്ടുപോകും.



