കൊളംബോ: രാജ്യത്തുടനീളം അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ വീടുകളും കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലാവുകയും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തതിനെ തുടർന്ന് രാജ്യത്തെ എല്ലാ സർക്കാർ ഓഫിസുകളും സ്കൂളുകളും അടച്ചു.
ഇതുവരെ 600-ൽ അധികം വീടുകൾ തകരുകയും 21 പേരെ കാണാതാവുകയും ചെയ്തു. തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള തേയിലത്തോട്ടം മേഖലകളായ ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലാണ് 25-ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ അധികൃതർ റെഡ് ലെവൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കായി ഏകദേശം 20,500 സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.



