തിരുവനന്തപുരം: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധനയുടെ (എസ്.ഐ.ആർ ) സമയപരിധി കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിനൽകി. എന്യൂമറേഷൻ ഫോമുകൾ തിരികെ നൽകുന്നതിനുള്ള സമയപരിധി ഡിസംബർ 11 വരെയാണ് നീട്ടിയത്. നേരത്തെ നിശ്ചയിച്ച സമയപരിധി നീട്ടി നൽകണമെന്ന് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
ഏകദേശം 15 ശതമാനത്തോളം എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കാനുണ്ടെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പുതുക്കിയ തീയതി പ്രകാരം, കരട് വോട്ടർപട്ടിക ഡിസംബർ 16-ന് പുറത്തുവിടും. 2026 ഫെബ്രുവരി 14-നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. നിലവിൽ, വിതരണം ചെയ്ത ഫോമുകളുടെ 75.35% (ഏകദേശം 2 കോടിയിലേറെ ഫോമുകൾ) ഡിജിറ്റലൈസ് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു



