ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ ബഹളത്തിൽ പൂർണമായും തടസ്സപ്പെട്ടു. ഇലക്ഷൻ കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ ‘സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) സംബന്ധിച്ച് ഉടൻ ചർച്ച അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും നടപടികൾ സ്തംഭിച്ചത്.
എസ്.ഐ.ആർ. സംബന്ധിച്ച ചർച്ചാ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും അതിനാൽ തന്നെ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നിലപാടെടുത്തു. നിലപാടിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ സഭയുടെ ഇരു ചേംബറുകളിലും മുദ്രാവാക്യം വിളികളുമായി ബഹളം വെച്ചു. സ്പീക്കർ ഓം ബിർളയുടെ അഭ്യർത്ഥനകൾ അവഗണിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്‌സഭ പലതവണ നിർത്തിവെക്കേണ്ടി വന്നു. ബഹളത്തിനിടയിലും, മണിപ്പൂരിലെ ജി.എസ്.ടി. നിയമ ഭേദഗതി നടപ്പാക്കാനുള്ള ബില്ലും പുകയില ഉൽപ്പന്നങ്ങൾ പോലുള്ള ‘പാപവസ്തുക്കൾക്ക്’ അധിക നികുതി ചുമത്തുന്ന രണ്ട് പുതിയ ബില്ലുകളും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു.
പ്രതിപക്ഷം മുദ്രാവാക്യം വിളി തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരിന്നു.
രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) ജോലിഭാരം കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട്, എസ്.ഐ.ആർ. വിഷയം ‘തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ’ എന്ന വിശാല അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സി.പി.എം. അംഗം ജോൺ ബ്രിട്ടാസ് എന്നിവർ ശക്തമായി ആവശ്യപ്പെട്ടു. ചർച്ച ഉടൻ നടക്കണമെന്ന പ്രതിപക്ഷത്തിന്റെ നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്ന് കിരൺ റിജിജു രാജ്യസഭയിലും ആവർത്തിച്ചു. വിഷയത്തിൽ ഞായറാഴ്ച തന്നെ തീരുമാനം അറിയിക്കാമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ടി.എം.സി. അംഗം ഡെറക് ഓ’ബ്രയൻ ആരോപിക്കുകയും, ‘വിശ്വാസ്യതക്കുറവുണ്ട്’ എന്ന് തുറന്നടിക്കുകയും ചെയ്തു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
വോട്ട് ചോരി എന്ന ആരോപണം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെ എസ്.ഐ.ആർ. വിഷയത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുമെന്ന് വ്യക്തമായി. സി.പി.ഐ., സി.പി.എം., ആർ.എസ്.പി. മുസ്ലിം ലീഗ് തുടങ്ങിയ കേരളത്തിൽ നിന്നുള്ള ചെറുകക്ഷികൾ ഉൾപ്പെടെ ചില ഇന്ത്യ മുന്നണി പാർട്ടികൾ, പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സഭാ നടപടികൾ പൂർണമായി തടസ്സപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്. എസ്.ഐ.ആർ. ചർച്ചയിൽ ഉറച്ചുനിന്ന് പ്രതിഷേധം തുടരാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.



