തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ റിമാൻഡ് റിപ്പോർട്ടിലെയും കോടതി ഉത്തരവിൻ്റെയും വിശദാംശങ്ങൾ പുറത്ത്. പരാതിക്കാരിയായ അതിജീവിതയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രാഹുൽ ഈശ്വർ തയ്യാറാക്കിയ വീഡിയോകൾ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, പ്രതി സ്ഥിരമായി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമാനമായ മറ്റ് കേസുകളും പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. അന്വേഷണത്തിലിരിക്കുന്ന അതിജീവിതകൾക്കെതിരെ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടുന്നത് നിസ്സാരമായി കാണാനാകില്ലെന്നും, ജാമ്യം അനുവദിച്ചാൽ സമാന കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.
കൂടാതെ കേസിൽ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഈശ്വറിന് ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിജീവിതയെ അപമാനിച്ചതായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാനാവില്ലെന്നും ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദത്തിന് ശേഷം മജിസ്ട്രേറ്റ് വിധി പ്രസ്താവിച്ചു.



