ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘പി.എം. ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മധ്യസ്ഥന്റെ പങ്ക് വഹിച്ചത് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം.പി. ആണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വെളിപ്പെടുത്തി. പദ്ധതി സംബന്ധിച്ച ചർച്ചകൾ വന്നപ്പോഴാണ് കേന്ദ്രമന്ത്രി ബ്രിട്ടാസിനെ അഭിനന്ദിച്ചത്. കേരളവുമായി ധാരണാപത്രം ഒപ്പിടാൻ സംസ്ഥാനം സർവസമ്മതത്തോടെ തീരുമാനിച്ചതാണെന്നും, വിദ്യാഭ്യാസമന്ത്രി തന്നെ നേരിൽ കണ്ട് സമ്മതം അറിയിച്ചതാണെന്നും ധർമ്മേന്ദ്ര പ്രധാൻ സഭയിൽ വ്യക്തമാക്കി. പദ്ധതി നടപ്പാക്കാത്തതിന് കാരണം സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച ജോൺ ബ്രിട്ടാസ് എം.പി. ഇത് സ്ഥിരീകരിച്ചു. കേരളത്തിന് ന്യായമായ വിഹിതം ലഭ്യമാക്കുന്നതിന് കേന്ദ്രത്തെ സമീപിക്കുക എന്നത് തൻ്റെ ഉത്തരവാദിത്തമാണെന്നും, പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ഇത്തരം ഇടപെടലുകൾ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കൊപ്പം താൻ നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടിട്ടുണ്ട്. എങ്കിലും, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിടണമോ വേണ്ടയോ എന്നത് സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



