20.3 C
Saudi Arabia
Saturday, March 21, 2026
spot_img

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് വൈകിപ്പിക്കുന്നു; സർക്കാരിനെതിരെ വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ചെയ്യാൻ സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പോലീസുകാരൻ വിചാരിച്ചാൽ കഴിയുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടി പരാതി കൊടുക്കുമെന്നും പരാതി ലഭിച്ചാൽ തുടർനടപടിയെക്കുറിച്ചും തലേദിവസം തന്നെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നല്ലോ എന്ന് സതീശൻ ചോദിച്ചു. അറസ്റ്റായിരുന്നില്ല സർക്കാരിന്റെ ആഗ്രഹം, മറിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വർണ്ണക്കൊള്ള വിഷയം മാറ്റിനിർത്തി പുതിയൊരു വിഷയം ചർച്ചയാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ കൂടാതെ കൂടുതൽ പ്രധാനപ്പെട്ട ആളുകളുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിൽ വൻ തോക്കുകൾ ഉണ്ടെന്നും സതീശൻ ആരോപിച്ചു. സി.പി.എം. നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഇതിലും വലിയ നേതാക്കന്മാർ ജയിലിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്വർണ്ണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായും ചോദ്യം ചെയ്യൽ തിരഞ്ഞെടുപ്പ് കഴിയുംവരെ വൈകിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാൻ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എം.പി. ആണെന്നും ഇത് ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള അവിഹിത ബാന്ധവമാണെന്നും അദ്ദേഹം വിമർശിച്ചു.

രാഹുലിനെതിരെ ഒരു തെളിവുമില്ലാതിരുന്നിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും പരാതി വന്നപ്പോൾ പാർട്ടി സസ്പെൻഡ് ചെയ്യുകയും ചെയ്തതിൽ അഭിമാനിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles