18.7 C
Saudi Arabia
Sunday, March 22, 2026
spot_img

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി; വിരമിച്ച സൈനികനും ഒരു സ്ത്രീയും ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ്: ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമാർക്ക് ചോർത്തി നൽകിയ കേസിൽ വിരമിച്ച ഒരു കരസേനാ ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയേയും ഗുജറാത്ത് എ.ടി.എസ്. അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയും വിരമിച്ച സുബേദാറുമായ അജയ് കുമാർ സിങ് (47) ഗോവയിൽ വെച്ചും ഉത്തർപ്രദേശുകാരിയായ രശ്മണി രവീന്ദ്രപാൽ ധമനിൽ വെച്ചുമാണ് പിടിയിലായത്.

‘അങ്കിത ശർമ്മ’ എന്ന് സ്വയം പരിചയപ്പെടുത്തിയ പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥ അജയ് കുമാർ സിംഗുമായി ബന്ധപ്പെട്ട് റെജിമെന്റുകളുടെ നീക്കങ്ങൾ, പ്രധാന സൈനിക ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ ചോർത്തിയെടുക്കുകയായിരുന്നു. വിരമിച്ച ശേഷം സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്.

മറ്റൊരു പ്രതിയായ രശ്മണി പാൽ, ‘പ്രിയ താക്കൂർ’ എന്ന വ്യാജ ഐ.ഡി.യിൽ പ്രവർത്തിച്ചുകൊണ്ട് പാക് ഹാൻഡ്ലർമാരായ ‘അബ്ദുൾ സത്താർ’, ‘ഖാലിദ്’ എന്നിവരുടെ നിർദ്ദേശപ്രകാരം സൈനിക ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അവരിൽ നിന്ന് രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു. ചില ഉദ്യോഗസ്ഥരെ ‘ഹണിട്രാപ്പിൽ’ കുടുക്കാനും രശ്മണിയോട് ആവശ്യപ്പെട്ടിരുന്നു.

പണത്തിന് വേണ്ടിയാണ് താൻ ചാരവൃത്തിക്ക് സഹായിച്ചതെന്ന് ചോദ്യം ചെയ്യലിൽ രശ്മണി സമ്മതിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ചാരവൃത്തി ശൃംഖലയുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ കണ്ടെത്തിയതായി എ.ടി.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles