ചെന്നൈ: ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചവരിൽ ഭൂരിഭാഗവും.
കീഴക്കര സ്വദേശിയായ കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരണപ്പെട്ടത്. രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്താനായി രാമനാഥപുരത്തെത്തിയ തീർഥാടകർ റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുന്നതിനിടെ, നിയന്ത്രണം വിട്ട് വന്ന രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച മറ്റൊരു കാർ ഇവരുടെ വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.



