ന്യൂഡൽഹി: വോട്ടുചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനം വേറെയില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാന തെരഞ്ഞെടുപ്പിൽ നടന്ന ഗുരുതരമായ ക്രമക്കേടുകൾ (ബ്രസീലിയൻ യുവതി 22 തവണ വോട്ടർ പട്ടികയിൽ പ്രത്യക്ഷപ്പെട്ടത് ഉൾപ്പെടെ) ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തത്.
പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉയർത്തിയത്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനാണ്, ഇത് ചീഫ് ജസ്റ്റിസിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. നിലവിലെ സെലക്ഷൻ പാനലിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഭാഗത്തും പ്രതിപക്ഷ നേതാവായ താൻ മറുഭാഗത്തുമായതിനാൽ തനിക്ക് ശബ്ദമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഔദ്യോഗിക പദവിയിലെ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി എന്തിനാണ് മറ്റൊരു നിയമം പാസാക്കിയതെന്നും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. അതിതീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വന്നു.



