കണ്ണൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ യു.ഡി.എഫ്. സ്ഥാനാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം വിവിധ പോളിങ് ബൂത്തുകളിൽ വെച്ച് യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് മർദനമേറ്റതായാണ് പ്രധാന ആരോപണം. മിക്കയിടത്തും സി.പി.എം. പ്രവർത്തകരാണ് കൈയേറ്റം ചെയ്തതെന്നാണ് യു.ഡി.എഫ്. നേതൃത്വം ആരോപിക്കുന്നത്.
കള്ളവോട്ട് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് ചെറുകുന്ന് മുണ്ടപ്പുറം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി മുജീബ് റഹ്മാന് മർദനമേറ്റത്. ശ്രീകണ്ഠാപുരം 15-ാം വാർഡിലെ വനിതാ സ്ഥാനാർഥി ഷീജ ജഗനാഥൻ, കതിരൂർ പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ. ലതിക എന്നിവർക്ക് ബൂത്തിനകത്ത് വെച്ചും മർദനമേറ്റതായി പരാതിയുണ്ട്. മർദനമേറ്റ ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടാതെ, മാലൂർ പഞ്ചായത്ത് സ്ഥാനാർഥി അമല, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാഹുൽ മേക്കിലേരി, പേരാവൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സജിത മോഹനൻ എന്നിവർക്കും മർദനമേറ്റതായി യു.ഡി.എഫ്. ആരോപിക്കുന്നു. സംഭവങ്ങളിൽ യു.ഡി.എഫ്. നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.



