ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ ഒരു വിദ്യാലയത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനം. അധ്യാപകന്റെ തല്ലേറ്റ് കുട്ടിയുടെ തോളെല്ല് പൊട്ടി. ക്ലാസ്സിലിരുന്ന് സംസാരിച്ചതിനാണ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്ന് പറയപ്പെടുന്നു. മർദ്ദനമേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് തോളെല്ലിന് പൊട്ടലുള്ള കാര്യം പുറത്തറിയുന്നത്.
സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികൾക്ക് നേരെ വിദ്യാലയങ്ങളിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ നാട്ടുകാരും സന്നദ്ധ സംഘടനകളും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നുമാണ് ഉയരുന്ന ആവശ്യം.



