18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ദുരഭിമാനക്കൊല; സഹോദരന്റെ ക്വട്ടേഷൻ സുഹൃത്ത് നടപ്പിലാക്കിയത് 19-കാരിയെ ബലാത്സംഗം ചെയ്​ത ശേഷം.

ചണ്ഡീഗഡ്: ഹരിയാനയിലെ മനേസറിൽ മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായുള്ള പ്രണയത്തിന്റെ പേരിൽ 19 വയസ്സുകാരിയെ സ്വന്തം സഹോദരൻ സുഹൃത്തിനെക്കൊണ്ട് കൊലപ്പെടുത്തി. കൊലപാതകത്തിന് മുൻപ് പ്രതി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായും പോലീസ് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ 28-കാരനായ സഹോദരനെയും അയാളുടെ 30 വയസ്സുള്ള സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശികളായ ഇവർ കഴിഞ്ഞ ആറു വർഷമായി മനേസറിലാണ് താമസിച്ചിരുന്നത്.

പെൺകുട്ടി മറ്റൊരു സമുദായത്തിൽപ്പെട്ട 24-കാരനുമായി പ്രണയത്തിലാണെന്നും അവനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിഞ്ഞതാണ് സഹോദരനെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്ന് പെൺകുട്ടിയെ നിർബന്ധപൂർവ്വം നാട്ടിലേക്ക് അയച്ചെങ്കിലും, അവിടെനിന്ന് രക്ഷപെട്ട് അവൾ വീണ്ടും മനേസറിൽ കാമുകന്റെ അടുത്തെത്തി. ഇതോടെയാണ് സഹോദരൻ സഹോദരിയെ വകവരുത്താൻ സുഹൃത്തുമായി ചേർന്ന് പദ്ധതിയിട്ടത്.

കാമുകനൊപ്പം ഒളിച്ചോടാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സഹോദരന്റെ സുഹൃത്ത് പെൺകുട്ടിയെ വിളിച്ചുവരുത്തിയത്. ഇയാളെ വിശ്വസിച്ച പെൺകുട്ടി രാംപുര ചൗക്കിന് സമീപം ഇയാളെ കാണാനെത്തി. അവിടെനിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും, അവൾ എതിർത്തപ്പോൾ മർദ്ദിച്ച ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ഒരു പാടത്തെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചു.

കൊലപാതകത്തിന് ശേഷം കുറ്റം പെൺകുട്ടിയുടെ കാമുകന്റെ മേൽ കെട്ടിവെക്കാനാണ് സഹോദരൻ ശ്രമിച്ചത്. കാമുകനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും, ശാസ്ത്രീയമായ അന്വേഷണത്തിൽ സഹോദരന്റെയും സുഹൃത്തിന്റെയും സാന്നിധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി വ്യക്തമായി. തുടർച്ചയായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles