20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

റിയാദ് വിമാനത്താവളത്തിലെ വിമാന തടസ്സം; സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ഗതാഗത മന്ത്രി

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെടുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്ത സംഭവത്തിൽ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽ-ജാസർ സമഗ്രമായ പ്രവർത്തന അവലോകനത്തിന് ഉത്തരവിട്ടു.

ഏകദേശം ഇരുനൂറോളം വിമാന സർവീസുകളാണ് വെള്ളിയാഴ്ച വൈകുകയോ റദ്ദാക്കുകയോ ചെയ്തത്. ഇത് വിമാനത്താവളത്തിനുള്ളിൽ വലിയ തിരക്കിനും യാത്രാ തടസ്സങ്ങൾക്കും കാരണമായിരുന്നു.

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ കൂടിയായ സാലിഹ് അൽ-ജാസർ ശനിയാഴ്ച വിമാനത്താവളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനും പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനും സ്വീകരിച്ച നടപടികൾ അദ്ദേഹം പരിശോധിച്ചു.

ഇന്ധന വിതരണ സംവിധാനത്തിലെ അറ്റകുറ്റപ്പണികളും മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ റിയാദിലേക്ക് വഴിതിരിച്ചുവിട്ടതും ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങളാലാണ് തടസ്സമുണ്ടായതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ഇന്ധന ടാങ്കുകളിൽ വെള്ളം കയറിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും യാത്രക്കാരുടെ സുരക്ഷയും അവകാശങ്ങളും കർശനമായി സംരക്ഷിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രവർത്തനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ എയർലൈനുകൾ നൽകിവരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles