27.8 C
Saudi Arabia
Monday, February 23, 2026
spot_img

ടി.പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; ഷാഫിക്കും ഷിനോജിനും 15 ദിവസത്തെ ഇളവ്

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും 15 ദിവസത്തെ പരോൾ അനുവദിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഇവർക്ക് വർഷാവസാനം ലഭിക്കുന്ന സാധാരണ പരോൾ മാത്രമാണ് ഇതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. പരോൾ കാലയളവിൽ ദിവസവും പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന കർശന നിബന്ധനയോടെയാണ് ഇവർ ജയിലിന് പുറത്തിറങ്ങുന്നത്.

കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി.കെ രജീഷിനും പരോൾ അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പരോൾ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ വർഷാവസാനത്തോടെ അർഹമായ പരോൾ അനുവദിക്കുകയാണെന്ന് ജയിൽ വകുപ്പ് അറിയിച്ചു.

ടി.പി വധക്കേസ് പ്രതികൾക്ക് പലപ്പോഴായി ദീർഘകാലം പരോൾ അനുവദിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറാറുണ്ട്. ഇതിനകം മുഹമ്മദ് ഷാഫി 656 ദിവസവും ഷിനോജ് 925 ദിവസവും പരോളിൽ ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഞ്ചു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടി.കെ രജീഷിന് പരോൾ ലഭിക്കുന്നത്. കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കൂടുതൽ പ്രതികൾ പുറത്തിറങ്ങുന്നത്. 2012 മെയ് 4-നാണ് ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.

 

Related Articles

- Advertisement -spot_img

Latest Articles