15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ അതിഥി തൊഴിലാളി രാംനാരായണനെ (31) ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതക കുറ്റത്തിന് പുറമെ, എസ്.സി – എസ്.ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കൊടും ക്രൂരത വെളിപ്പെടുത്തി റിമാൻഡ് റിപ്പോർട്ട് രാംനാരായണന്റെ ശരീരത്തിൽ 80-ഓളം പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലച്ചോറിലേറ്റ മാരകമായ ക്ഷതമാണ് മരണകാരണം. ശരീരത്തിൽ മർദ്ദനമേൽക്കാത്ത ഒരിടം പോലുമില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ചും ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ’ എന്ന് വിളിച്ചുമാണ് ആൾക്കൂട്ടം ഇദ്ദേഹത്തെ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചത്.

അറസ്റ്റ് ഏഴായി കേസിൽ ഇതുവരെ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. ഏറ്റവും ഒടുവിൽ അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മുരളി, പ്രസാദ്, അനു, ബിപിൻ, അനന്തൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റുള്ളവർ. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് എട്ട് പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അന്വേഷണം ക്രൈം ബ്രാഞ്ചിന് കേസിലെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശമായ ഛത്തീസ്ഗഡിലെ ബിലാസ്പൂരിലേക്ക് കൊണ്ടുപോയി.

സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം ആവർത്തിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles