23.3 C
Saudi Arabia
Sunday, April 12, 2026
spot_img

നൈജീരിയയിൽ ഐസ് കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം

അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐസ് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. നൈജീരിയൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം വ്യാഴാഴ്ചയായിരുന്നു ഈ സൈനിക നീക്കമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് സൈന്യവും അറിയിച്ചു.

നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ഐസ് ഭീകരർ നടത്തുന്ന അതിക്രമങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ ആക്രമണമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. “ക്രിസ്ത്യാനികളെ ക്രൂരമായി കൊന്നൊടുക്കുന്ന ഐസ് ഭീകരർക്കെതിരെ എന്റെ നിർദ്ദേശപ്രകാരമാണ് ഈ മാരകമായ ആക്രമണം നടത്തിയത്,” എന്ന് ട്രംപ് എക്സിൽ കുറിച്ചു.

നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തുള്ള ഐസ് ക്യാമ്പുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നിരവധി ഭീകരർ കൊല്ലപ്പെട്ടതായി യുഎസ് ആഫ്രിക്ക കമാൻഡ് സ്ഥിരീകരിച്ചു. നൈജീരിയൻ സർക്കാരുമായുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്ന് നൈജീരിയൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിലും കൃത്യമായ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിലും ഇരു രാജ്യങ്ങളും സഹകരിച്ചാണ് പ്രവർത്തിച്ചത്.

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നതിൽ ട്രംപ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് തടയാൻ നൈജീരിയൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ സൈനികമായി ഇടപെടുമെന്ന് അദ്ദേഹം ഒക്ടോബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു യുദ്ധക്കപ്പലിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് പെന്റഗൺ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ സൈനിക നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സൂചിപ്പിച്ചു.

നൈജീരിയയിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യത്തിൽ അമേരിക്ക നടത്തുന്ന ഈ നേരിട്ടുള്ള സൈനിക ഇടപെടൽ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles