22.7 C
Saudi Arabia
Sunday, March 22, 2026
spot_img

മറ്റത്തൂർ രാഷ്ട്രീയ പ്രതിസന്ധി; ജീവൻ പോയാലും ബി.ജെ.പിയിൽ ചേരില്ലെന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ

തൃശൂർ: മറ്റത്തൂർ പഞ്ചായത്ത് ഭരണമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നുള്ള കൂട്ടപ്പുറത്താക്കലിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി വിമത അംഗങ്ങൾ രംഗത്ത്. തങ്ങൾ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും മരണം വരെ കോൺഗ്രസുകാരായി തുടരുമെന്നും പുറത്താക്കപ്പെട്ട അംഗങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഡി.സി.സി അധ്യക്ഷൻ വിപ്പ് നൽകിയെന്ന വാദം പച്ചക്കള്ളമാണെന്നും ജനാധിപത്യപരമായ രീതിയിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തതെന്നും ഇവർ അവകാശപ്പെട്ടു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്നും കെ.പി.സി.സി നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിമതയായി ജയിച്ച ടെസി ജോസിനെ പിന്തുണച്ചതിനെത്തുടർന്നാണ് എട്ട് അംഗങ്ങളെയും ഡി.സി.സി ജനറൽ സെക്രട്ടറിയെയും കോൺഗ്രസ് പുറത്താക്കിയത്. ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെയാണ് ടെസി ജോസ് അധികാരമേറ്റത്. ഇതോടെ മറ്റത്തൂരിൽ കോൺഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു.

എന്നാൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സ്വതന്ത്രയെ പിന്തുണച്ചതെന്നും അല്ലാതെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്നുമാണ് പുറത്താക്കപ്പെട്ടവരുടെ വിശദീകരണം. തങ്ങളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായാണ് നടപടിയെടുത്തതെന്നും ഇത് പാർട്ടിയെ തകർക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles