26.3 C
Saudi Arabia
Sunday, March 22, 2026
spot_img

‘ഞാൻ ഇന്ത്യക്കാരൻ’ എന്ന് ആവർത്തിച്ചിട്ടും വിദ്യാർഥിയെ അടിച്ചുകൊന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വംശീയാധിക്ഷേപത്തെ തുടർന്നുണ്ടായ ആൾക്കൂട്ടാക്രമണത്തിൽ ത്രിപുര സ്വദേശിയായ എം.ബി.എ വിദ്യാർഥി കൊല്ലപ്പെട്ടു. ജിഗ്യാസ സർവ്വകലാശാലയിലെ അവസാന വർഷ വിദ്യാർഥിയായ ആഞ്ജൽ ചക്മയാണ് (20) ദാരുണമായി കൊല്ലപ്പെട്ടത്.

ചൈനക്കാരൻ എന്ന് വിളിച്ച് പരിഹസിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് ആഞ്ജലിനും സഹോദരൻ മൈക്കിളിനും നേരെ ആക്രമണമുണ്ടായത്. താൻ ചൈനക്കാരനല്ലെന്നും ഇന്ത്യക്കാരനാണെന്നും ആഞ്ജൽ അവസാന നിമിഷം വരെ ആവർത്തിച്ചു പറഞ്ഞെങ്കിലും അക്രമികൾ ക്രൂരത തുടരുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ആഞ്ജൽ മരണത്തിന് കീഴടങ്ങിയത്. ബി.എസ്.എഫ് ജവാന്റെ മകനാണ് കൊല്ലപ്പെട്ട ആഞ്ജൽ. മദ്യലഹരിയിലായിരുന്ന ഒരു സംഘം യുവാക്കൾ ഇവരെ തടഞ്ഞുനിർത്തുകയും നേപ്പാളി, ചൈനീസ് തുടങ്ങിയ വിളിപ്പേരുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയുമായിരുന്നു.

ഇതിനെതിരെ പ്രതികരിച്ച ആഞ്ജലിനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles