റിയാദ്: 2025-ലെ അഭിമാനകരമായ ‘അറബ് ഡോക്ടർ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് സൗദി അറേബ്യയിലെ പ്രമുഖ സ്ലീപ്പ് മെഡിസിൻ വിദഗ്ധൻ പ്രൊഫ. അഹമ്മദ് ബാഹാമം അർഹനായി. സ്ലീപ്പ് മെഡിസിൻ രംഗത്ത് അദ്ദേഹം നൽകിയ ആഗോളതലത്തിലുള്ള സംഭാവനകളും ഗവേഷണങ്ങളും മുൻനിർത്തിയാണ് അറബ് ലീഗ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. കെയ്‌റോയിൽ നടന്ന അറബ് ആരോഗ്യമന്ത്രിമാരുടെ കൗൺസിലിലാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ലോകോത്തര ജേണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബാഹാമം, സൗദിയിലെയും മിഡിൽ ഈസ്റ്റിലെയും സ്ലീപ്പ് മെഡിസിൻ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ്.
സൗദി കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ഉറക്ക സംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും ഈ മേഖലയിൽ നൂതന ചികിത്സാ രീതികൾ ആവിഷ്കരിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ മെഡിക്കൽ മേഖലയിലെ മികവിനെ ആദരിക്കുന്നതിനായി നൽകി വരുന്ന ഈ പുരസ്‌കാരം സൗദി അറേബ്യയുടെ ആരോഗ്യരംഗത്തെ നേട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. തന്റെ കരിയറിലുടനീളം മികച്ച അധ്യാപകനായും ഗവേഷകനായും പേരെടുത്ത ഡോ. ബാഹാമത്തിന് ലഭിച്ച ഈ പുരസ്‌കാരം പ്രവാസി മലയാളി ഡോക്ടർമാരടക്കമുള്ള മെഡിക്കൽ ലോകവും ഏറെ ആദരവോടെയാണ് കാണുന്നത്.



