27.6 C
Saudi Arabia
Sunday, April 12, 2026
spot_img

വെനിസ്വേലയിൽ അമേരിക്കയുടെ സൈനിക അധിനിവേശം; മഡുറോയെ ബന്ദിയാക്കി, ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ

കാരക്കാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ പരമാധികാരം ലംഘിച്ചുകൊണ്ട് അമേരിക്ക വൻ സൈനികാക്രമണം നടത്തി. ശനിയാഴ്ച പുലർച്ചെയോടെ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ യുഎസ് യുദ്ധവിമാനങ്ങൾ ബോംബവർഷം നടത്തി. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നി സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി രാജ്യം കടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, വെനിസ്വേലയുടെ എണ്ണ സമ്പത്ത് ലക്ഷ്യമിട്ടുള്ള അധിനിവേശമാണിതെന്ന് വെനിസ്വേലൻ സർക്കാർ ആരോപിച്ചു. മഡുറോയെയും ഭാര്യയെയും എവിടേക്കാണ് മാറ്റിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

അമേരിക്കയുടെ ഏകപക്ഷീയമായ ഈ സൈനിക നീക്കത്തെ റഷ്യയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചപ്പോൾ, ഇതൊരു അസ്വീകാര്യമായ കടന്നുകയറ്റമാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് വെനിസ്വേല ബ്രസീലുമായുള്ള അതിർത്തികൾ അടയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഭരണാധികാരികളുടെ ജീവൻ അപകടത്തിലാണെന്നും അവർ എവിടെയുണ്ടെന്നതിന്റെ കൃത്യമായ വിവരം നൽകണമെന്നും വെനിസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലും വെനിസ്വേലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles