റിയാദ്: യമനിലെ ദക്ഷിണമേഖലാ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനായി സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ദക്ഷിണപക്ഷത്തെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി റിയാദിൽ വിപുലമായ സമ്മേളനം വിളിച്ചുചേർക്കണമെന്ന യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് ഡോ. റഷാദ് അൽഅലിമിയുടെ അഭ്യർഥന സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്വാഗതം ചെയ്തു. യമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കം. ദക്ഷിണമേഖലയിലെ ജനങ്ങളുടെ ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി സമഗ്രമായ ഒരു രാഷ്രീയ കാഴ്ചപ്പാട് രൂപവത്കരിക്കാൻ ഈ സമ്മേളനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യമൻ വിഭജനപ്രശ്നം ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യമുള്ള ഒന്നാണെന്നും, ചർച്ചകളിലൂടെ മാത്രമേ ഇതിന് നീതിയുക്തമായ പരിഹാരം കണ്ടെത്താനാകൂ എന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ദക്ഷിണപക്ഷത്തെ എല്ലാ സംഘടനകളും വിഭാഗങ്ങളും ഈ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കണമെന്ന് സൗദി ആഹ്വാനം ചെയ്തു. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാതെ സംവാദങ്ങൾക്ക് അനുയോജ്യമായ വേദിയൊരുക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണ്. വർഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾക്കും വിഭജന ഭീഷണികൾക്കും ഈ മധ്യസ്ഥ ചർച്ചകളിലൂടെ വിരാമമാകുമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.



