റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 18,805 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ഡിസംബർ 25 മുതൽ ജനുവരി 1 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം നടത്തിയ പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.
താമസ നിയമങ്ങൾ ലംഘിച്ച11,752 പേരെയും അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 4,239 പേരെയും, തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ 2,814 പേരെയുംമാണ് അറസ്റ്റ് ചെയ്‌തത്.
രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,739 പേരാണ് ഒരാഴ്ചക്കിടെ പിടിയിലായത്. ഇവരിൽ 62% എത്യോപ്യക്കാരും 37% യെമനികളും 1% മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 46 പേരും പിടിയിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാസൗകര്യമോ അഭയമോ നൽകിയ 14 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ സഹായിക്കുന്നവർക്കും അവർക്ക് സംരക്ഷണം നൽകുന്നവർക്കും കർശന ശിക്ഷ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ ഇവരുടെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും.
നിലവിൽ 55,000-ലധികം നിയമലംഘകർ നാടുകടത്തൽ നടപടികൾ നേരിടുകയാണ്. ഇതിൽ 49,000-ലധികം പേർക്ക് യാത്രാ രേഖകൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട എംബസികളുമായി ചേർന്ന് അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നു. രാജ്യത്തെ സുരക്ഷയും നിയമവ്യവസ്ഥയും ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.



