അബൂദബി: സൗദിയിലെ മദീനയിലുണ്ടായ വാഹനാപകടത്തിന്റെ നടുക്കം മാറും മുൻപേ യു.എ.ഇയിൽ നിന്നൊരു ദാരുണമായ വാർത്ത കൂടി. അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും അവരുടെ വീട്ടുജോലിക്കാരിയും മരിച്ചു. മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ വീട്ടുജോലിക്കാരി ബുഷറയുമാണ് അപകടത്തിൽപ്പെട്ടത്. ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും അബൂദബിയിലെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഇവർ ശനിയാഴ്ച രാവിലെയാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ യു.എ.ഇയിൽ തന്നെ നടത്താനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചു. പ്രവാസലോകത്തെയും കേരളത്തെയും ഒരുപോലെ നോവിക്കുന്ന വാർത്തയാണിതെന്ന് സാമൂഹിക പ്രവർത്തകർ പ്രതികരിച്ചു.



