ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ പരമാധികാര നേതാവ് ആയത്തുല്ല ഖാംനഈ. ട്രംപ് തികഞ്ഞ അഹങ്കാരിയാണെന്നും ലോകത്തെ മറ്റ് ഏകാധിപതികളെപ്പോലെ അദ്ദേഹം വൈകാതെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഖാംനഈ പ്രസ്താവിച്ചു. ഇറാനിൽ നിലവിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും മറ്റ് വിദേശ ശക്തികളുമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്നും എന്നാൽ വിദേശികൾക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനിലെ ജനങ്ങളുടെ രക്തത്തിൽ ട്രംപിന്റെ കൈകൾ പുരണ്ടിരിക്കുകയാണെന്നും കഴിഞ്ഞ വർഷം ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ പരാമർശിച്ചുകൊണ്ട് ഖാംനഈ പറഞ്ഞു. സ്വന്തം രാജ്യം ഭരിക്കാൻ അറിയാത്തവരാണ് ഇറാന്റെ കാര്യത്തിൽ ഇടപെടാൻ വരുന്നതെന്നും അമേരിക്കയ്ക്കുള്ളിൽ തന്നെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ശത്രുക്കളുടെ ചതിക്കുഴികളിൽ വീഴരുതെന്നും ഖാംനഈ ആഹ്വാനം ചെയ്തു. ഇറാന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏതൊരു വെല്ലുവിളിയെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.



