തിരുവല്ല: ബലാത്സംഗക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ച തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിക്കാതെ ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കി. രാഹുലിനെ നാളെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയും കോടതി നാളെ പരിഗണിക്കും.
നിലവിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ് രാഹുൽ. അതിജീവിതയുടെ മൊഴിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും, ഫോണിലെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തണമെന്നുമാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിൽ ക്രൈം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. നാളെ പ്രതിയെ ഹാജരാക്കിയ ശേഷം ജാമ്യത്തിന്റെ കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുത്തേക്കും.



