‘എല്ലാം പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ബോർഡിന് എന്താണ് പണി?’; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടികളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ സ്വർണം പൂശുന്നതുൾപ്പെടെയുള്ള സുപ്രധാനമായ എല്ലാ ചുമതലകളും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. “എല്ലാം പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ ദേവസ്വം ബോർഡിന് അവിടെ എന്താണ് പണി?” എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വാദത്തിനിടെ പരിഹസിച്ചു. കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികളാണ് കോടതിക്ക് മുന്നിലെത്തിയത്. സ്വർണക്കടത്തിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. താൻ 1.40 കോടി രൂപ ശബരിമലയിൽ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഗോവർധൻ വാദിച്ചെങ്കിലും അന്വേഷണസംഘം ഇതിനെ ശക്തമായി എതിർത്തു. ദേവസ്വം ഭരണരംഗത്തെ ഗുരുതരമായ വീഴ്ചകളിലേക്കാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ വിരൽ ചൂണ്ടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles