17.2 C
Saudi Arabia
Wednesday, February 4, 2026
spot_img

5 മിനിറ്റ് കൂടുതൽ ഉറങ്ങിയാൽ ഒരു വർഷം ആയുസ്സ് വർദ്ധിപ്പിക്കാം; ലാൻസെറ്റ് പഠനത്തിലെ പുതിയ കണ്ടെത്തലുകൾ

ലണ്ടൻ: നിത്യജീവിതത്തിലെ ചെറിയ ചില മാറ്റങ്ങൾ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന സ്വാധീനമുള്ളതും ഏറ്റവും പഴക്കമുള്ളതുമായ മെഡിക്കൽ ജേണലായ ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് പഠനമുള്ളത്. ദിവസവും വെറും അഞ്ച് മിനിറ്റ് കൂടുതൽ ഉറങ്ങുകയോ അല്ലെങ്കിൽ രണ്ട് മിനിറ്റ് വേഗത്തിൽ നടക്കുകയോ ചെയ്യുന്നത് ആയുസ്സിൽ ഒരു വർഷം അധികമായി ചേർക്കാൻ സഹായിക്കും. ആരോഗ്യകരമായ ജീവിതത്തിന് വലിയ വ്യായാമങ്ങൾ തന്നെ വേണമെന്നില്ലെന്നും ലളിതമായ മാറ്റങ്ങൾ പോലും വലിയ ഗുണങ്ങൾ നൽകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇരുന്നുകൊണ്ടുള്ള ജീവിതശൈലി ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇത്തരത്തിൽ ഇരിക്കുന്ന സമയം അല്പം കുറച്ച്, നേരിയ തോതിലുള്ള ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ഗവേഷകർ പറയുന്നു. ഏകദേശം 30,000-ത്തോളം ആളുകളിൽ നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ഗവേഷകർ നിഗമനത്തിൽ എത്തിയത്. ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും ഇത്തരം ചെറിയ പ്രവർത്തനങ്ങൾ സഹായിക്കും.

തീവ്രമായ വ്യായാമങ്ങൾ ചെയ്യാൻ സമയം കണ്ടെത്താൻ സാധിക്കാത്തവർക്ക് പോലും ഇത്തരം ചെറിയ മാറ്റങ്ങൾ പരീക്ഷിക്കാവുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത്തരം ‘ചെറിയ ചലനങ്ങൾ’ വലിയ പങ്കുവഹിക്കുന്നു. ഉറക്കത്തിന് പുറമെ, പടികൾ കയറുന്നതോ അല്പനേരം വേഗത്തിൽ നടക്കുന്നതോ ആയ കാര്യങ്ങൾ ദിനചര്യയുടെ ഭാഗമാക്കുന്നത് ദീർഘായുസ്സിന് വഴിതെളിക്കുമെന്ന് ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ഇത്തരം ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

- Advertisement -spot_img

Latest Articles