15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ഇറാന്റെ വ്യോമപാത അടച്ചു: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. നിരക്കുകൾ വർദ്ധിച്ചേക്കും

ന്യൂഡൽഹി : അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ താൽക്കാലികമായി തങ്ങളുടെ വ്യോമപാത അടച്ചു. ഇതേത്തുടർന്ന്, ഇന്ത്യയിൽ നീന്നുള്ള എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ വലിയ രീതിയിൽ തടസ്സപ്പെട്ടു. ഇറാനിലെ അമേരിക്കൻ സൈനിക ഇടപെടലുകളെ കുറിച്ചുള്ള ആശങ്കകളാണ് വ്യോമപാത പെട്ടെന്ന് അടയ്ക്കുന്നതിലേക്ക് നയിച്ചത്.

യുഎസ്, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിച്ചത്. സുരക്ഷാ കാരണങ്ങളാൽ എയർ ഇന്ത്യ തങ്ങളുടെ പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ഇത് യാത്രയിൽ വലിയ കാലതാമസത്തിന് കാരണമാകുന്നുണ്ട്. അമേരിക്കയിലേക്കുള്ള ചില പ്രധാന വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മറ്റ് പാതകളിലൂടെയാണ് സർവീസുകൾ നടത്തുന്നതെന്ന് എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.

ഇൻഡിഗോയുടെ സർവീസുകളെയും വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചു. അസർബൈജാനിലെ ബാകുവിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം ഇറാൻ ആകാശപരിധിയിൽ പ്രവേശിക്കാൻ കഴിയാത്തതിനെ തുടർന്ന് തിരികെ ബാകുവിലേക്ക് തന്നെ മടങ്ങി. വ്യോമപാത അടയ്ക്കുന്നതിന് തൊട്ടുമുൻപായി ഇറാനിൽ നിന്നും കടന്നുപോയ അവസാന വിദേശ യാത്രാവിമാനം ഇൻഡിഗോയുടെ തിബിലിസി-ഡൽഹി സർവീസ് ആയിരുന്നു.

പാകിസ്ഥാൻ ഇതിനകം തന്നെ ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇറാൻ ആകാശപരിധിയും അനിശ്ചിതത്വത്തിലായത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഇരട്ടി പ്രഹരമാണ് നൽകുന്നത്. മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും പോകുന്ന വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് വർധിക്കാനും വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാനും കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles