ജക്കാർത്ത: ഇന്തോനേഷ്യയിലെ ഉൾനാടൻ മേഖലയിൽ 11 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി. ഇന്തോനേഷ്യ എയർ ട്രാൻസ്‌പോർട്ടിന്റെ ATR 42-500 ടർബോപ്രോപ്പ് വിമാനമാണ് ശനിയാഴ്ച ഉച്ചയോടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. യോഗ്യകാർത്തയിൽ നിന്ന് സൗത്ത് സുലവേസിയിലേക്ക് പോവുകയായിരുന്ന വിമാനവുമായുള്ള ബന്ധം പർവ്വതനിരകൾക്ക് മുകളിലൂടെയുള്ള യാത്രയ്ക്കിടെയാണ് പെട്ടെന്ന് വിച്ഛേദിക്കപ്പെട്ടത്. ലാൻഡിംഗിന് തൊട്ടുമുൻപുള്ള നിർദ്ദേശങ്ങൾ എയർ ട്രാഫിക് കൺട്രോൾ കൈമാറിയെങ്കിലും മിനിറ്റുകൾക്കകം വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.
തെക്കൻ സുലവേസി പ്രവിശ്യയിലെ മാറോസിലുള്ള ലിയാങ്-ലിയാങ് പർവ്വതമേഖലയിലാണ് വിമാനം അവസാനമായി ട്രാക്ക് ചെയ്തത്. ഈ ഭാഗത്തെ ബുലുസറാങ് പർവ്വതത്തിന് മുകളിൽ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടതായി പ്രദേശവാസികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. പർവ്വതനിരകളിൽ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ദുരന്തനിവാരണ സേനയും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവരുടെ ജീവഹാനിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പർവ്വതമേഖലയിലെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.



