തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും യുഎസ് ഭരണകൂടത്തിനുമെതിരെ കടുത്ത വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ രംഗത്തെത്തി. ഇറാന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ച ‘ക്രിമിനൽ’ എന്നാണ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാനിൽ സമീപകാലത്തുണ്ടായ ആഭ്യന്തര അശാന്തിക്കും പ്രതിഷേധങ്ങൾക്കും പിന്നിൽ അമേരിക്കൻ ഗൂഢാലോചനയാണെന്നും രാജ്യത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഖാംനഈ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന ശത്രുക്കളെയും കലാപകാരികളെയും ശിക്ഷിക്കാതെ വിടില്ലെന്ന് മുന്നറിയിപ്പ് നൽകി. ട്രംപ് നേരിട്ട് ഇടപെട്ട് ഇറാനിലെ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശത്രുക്കളുടെ ഈ നീക്കങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ നിലവിലെ സംഘർഷങ്ങളിൽ വലിയ തോതിൽ ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ഖാംനഈയുടെ ഈ രൂക്ഷമായ പ്രതികരണം. നിലവിൽ പ്രധാന നഗരങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.



